Monday, April 25, 2011

സഗീറിനും ടി എ രമേഷിനും ഗര്‍ഷോം അവാര്‍ഡ്


സഗീറിനും ടി എ രമേഷിനും ഗര്‍ഷോം അവാര്‍ഡ്
Posted by : Staff Reporter on : 2011-04-25
കൊച്ചി : എട്ടാമത് ഗര്‍ഷോം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍ (കുവൈറ്റ്)- ഗര്‍ഷോം പ്രവാസി രത്‌ന അവാര്‍ഡ്, ഡോ. സുനിത കൃഷ്ണന്‍ (ഹൈദരബാദ്)- ഗര്‍ഷോം പ്രവാസി വനിത അവാര്‍ഡ്, വി. സി. പ്രവീണ്‍ (ചെന്നൈ)- ഗര്‍ഷോം യുവ പ്രവാസി അവാര്‍ഡ്, എസ്. അഹമ്മദ് (തിരുവനന്തപുരം)- ഗര്‍ഷോം പ്രവാസി റിട്ടേണി അവാര്‍ഡ്, ടി. എ. രമേഷ് (കുവൈറ്റ്)- പ്രത്യേക ജൂറി അവാര്‍ഡ് എന്നിവരെയായാണ് 2010 വര്‍ഷത്തെ ഗര്‍ഷോം അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുത്തത്. മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള അവാര്‍ഡ് മലേഷ്യയിലെ മലയാളി കൂട്ടായ്മയായ അമ്മയ്ക്കാണ്. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മെയ് 27ന് (27/05/2011, വെള്ളിയാഴ്ച) കുവൈറ്റിലെ സാല്‍മിയ ഇന്ത്യന്‍ കമ്മ്യണിറ്റി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
സ്വദേശത്തും വിദേശത്തും മലയാളിയുടെയും മലയാളത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സ്വപ്രയത്‌നത്തിലൂടെ മറുനാട്ടില്‍ ജീവിത വിജയം നേടി, മലയാളിയുടെ യശസ്സുയര്‍ത്തിയവരെ ആദരിക്കുവാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ഗര്‍ഷോം ഇന്‍ഫോമീഡിയ ലിമിറ്റഡ് 2003 മുതലാണ് ഈ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഐവാന്‍ നിഗ്ലി (മുന്‍ കര്‍ണ്ണാടക എം എല്‍. എ), ഡോ. ബി അശോക് കുമാര്‍ (മസ്‌ക്കറ്റ്), പോളി മാത്യു സോമതീരം (ജര്‍മ്മനി), ജിന്‍സ് പോള്‍ (മാനേജിംഗ് എഡിറ്റര്‍, ഗര്‍ഷോം ഇന്‍ഫോമീഡിയ ലിമിറ്റഡ്) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ്് 2010 ലെ ഗര്‍ഷോം അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

കുവൈറ്റിലെ മലായാളികളുടെ സാമൂഹ്യ സുരക്ഷയ്ക്കും ഉന്നമനത്തിനുമുള്ള നൂതന പദ്ധതികള്‍ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ ജന്മനാട്ടിലെ നിര്‍ദ്ധനരായ രോഗികളെ സഹായിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സഗീര്‍ തൃക്കരിപ്പൂരിനെ 2010ലെ ഗര്‍ഷോം പ്രവാസി രത്‌ന അവാര്‍ഡിന് അര്‍ഹനാക്കിയത്. കാസര്‍ഗോഡ് പടന്ന സ്വദേശിയായ സഗീര്‍ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്റെ സ്ഥാപകനും സംഘടനയുടെ ചെയര്‍മാനുമാണ്.

സെക്‌സ് മാഫിയകളുടെ വലയില്‍ നിന്നും സ്ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കുന്നതിന് ഹൈദരബാദിലെ പ്രജ്വല എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് 2010 ലെ ഗര്‍ഷോം പ്രവാസി വനിത അവാര്‍ഡിന് ഡോ. സുനിത കൃഷ്ണനെ അര്‍ഹയാക്കിയത്. പാലക്കാട് സ്വദേശിനിയായ ഡോ. സുനിത കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രജ്വലയുടെ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹ്യസേവനരംഗത്തും മലയാളി കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും വരുംതലമുറയ്ക്ക് പ്രചോദനം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വി. സി പ്രവീണിന് ഗര്‍ഷോം യുവ പ്രവാസി അവാര്‍ഡ് സമ്മാനിക്കുന്നത്. ചെന്നൈയിലെ ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഡയറക്ടറായ പ്രവീണ്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള പ്രസിഡന്റും തിരുവനന്തപുരത്തെ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ വൈസ് ചെയര്‍മാനുമാണ്.

കുവൈറ്റിലുടനീളം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായി വളര്‍ന്ന ഗള്‍ഫ്മാര്‍ട്ടിന്റെ കണ്‍ട്രി മാനേജരായ ടി എ രമേഷിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിനുള്ള അംഗീകരമായാണ് 2010ലെ പ്രത്യേക പുരസ്‌കാരത്തിന് രമേഷിനെ ഗര്‍ഷോം തിരഞ്ഞെടുത്തത്. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ കുവൈറ്റിലുടനീളം ലഭ്യമാക്കുന്ന ഗള്‍ഫ്മാര്‍ട്ടിന്റെ വളര്‍ച്ച ഏറെ സഹായകമായത് കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിനാണ്. കോട്ടയം സ്വദേശിയായ രമേഷിന്റെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യമികവാണ് ഗള്‍ഫ്മാര്‍ട്ടിന്റെ വളര്‍ച്ചയ്ക്കും അതുവഴി നൂറുകണക്കിന് മലയാളികള്‍ക്ക് തൊഴിലവസരത്തിനും വഴിതെളിച്ചത്.

22 വര്‍ഷത്തെ ഗള്‍ഫ് ജീവിതാനുഭവങ്ങളുമായി നാട്ടില്‍ തിരിച്ചെത്തി ശേഷകാലവും പ്രവാസി സമൂഹത്തിനും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോകുന്നതാണ് പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് എസ്. അഹമ്മദിനെ അര്‍ഹനാക്കിയത്. കേരള ഗള്‍ഫ് റിട്ടേണിസ് ഓര്‍ഗനൈസേഷന്റെ സ്ഥാപകരില്‍ ഒരാളാണ് എസ്. അഹമ്മദ്.

മലേഷ്യ ഒട്ടാകെ പടര്‍ന്നു കിടക്കുന്ന മലയാളി സമൂഹത്തെ മലയാളത്തിന്റെ വേരിലേക്ക് കോര്‍ത്തു നിര്‍ത്തുന്ന കൂട്ടായ്മയാണ് 2010 ലെ മികച്ച ഗര്‍ഷോം പ്രവാസി മലയാളി സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട അമ്മ. തലമുറകള്‍ പലതു കടന്നെങ്കിലും മലയാളത്തിന്റെ പാരമ്പര്യവും, സംസ്‌കാരവും, ഭാഷയും മലേഷ്യന്‍ മലയാളി സമൂഹത്തിന് ഇന്നും നിലനിറത്താനാകുന്നതിന്റെ ക്രെഡിറ്റ് 1975 മുതല്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ മലേഷ്യ മലയാളി അസോസിയേഷ (അമ്മ)നാണ്.